തമിഴ്നാട്ടിലെ തഞ്ചാവൂരിലെ അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിൽ നടന്ന ഒരു സംഭവം വലിയ വിവാദമായിരിക്കുകയാണ്. നാലാം ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപിക പുനിത നൽകിയ ശിക്ഷ വിദ്യാഭ്യാസ മേഖലയിൽ ചർച്ചയായിരിക്കുകയാണ്. ക്ലാസ്സെടുക്കുന്നതിനിടെ സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് വിദ്യാർഥികളുടെ വായിൽ അധ്യാപിക ടേപ്പ് ഒട്ടിച്ചതായാണ് റിപ്പോർട്ട്.
നാല് മണിക്കൂറോളം കഴിഞ്ഞാണ് അധ്യാപിക ടേപ്പ് അഴിക്കാൻ വിദ്യാർഥികൾക്ക് അനുവാദം നൽകിയത്. ഇതിനിടെ ഒരു കുട്ടിയുടെ വായിൽ നിന്നും രക്തം വന്നതായും മറ്റ് ചിലർക്ക് ശ്വാസ തടസ്സം ഉണ്ടായതായും പറയപ്പെടുന്നു. സ്കൂളിൽ നിന്ന് തിരികെ വീട്ടിലെത്തിയ കുട്ടികൾ ഈ സംഭവം മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് അധ്യാപികയുടെ അതിക്രമം വെളിച്ചത്തായത്.
വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ജില്ലാ കളക്ടർ ബി പ്രിയങ്ക പങ്കജം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ വകുപ്പിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.
Story Highlights: Teacher in Tamil Nadu allegedly tapes students’ mouths for talking in class, sparking controversy and investigation.