മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എൻഐഎ ആസ്ഥാനത്തെ സെല്ലിൽ റാണയെ ചോദ്യം ചെയ്യുന്നത്. റാണയുടെ ശബ്ദ സാമ്പിളുകളും എൻഐഎ സംഘം ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ പക്കലുള്ള റാണയുടെ ശബ്ദ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും ഉറപ്പാക്കാനാണിത്.
റാണയെ ചോദ്യം ചെയ്യുന്നത് 12 അംഗ സംഘമാണ്. ഈ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാർക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലിൽ പ്രത്യേക ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മൂന്ന് മണിക്കൂറാണ് അന്വേഷണ സംഘം റാണയെ ചോദ്യം ചെയ്തത്.
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി റാണ നൽകിയില്ല എന്നാണ് റിപ്പോർട്ട്. മുംബൈക്ക് പുറമേ മറ്റ് ഇന്ത്യൻ നഗരങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി എൻഐഎയ്ക്ക് വിവരം ലഭിച്ചു. ഭീകരാക്രമണത്തിന് മുമ്പ് ദുബായിലെ ഒരു വ്യക്തിയുമായി റാണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാൾക്ക് ഭീകരാക്രമണത്തിൽ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രണ്ടാം ദിവസം റാണയോട് തേടിയത്. ഹെഡ്ലിയെ സഹായിക്കാൻ നിയോഗിച്ച ‘എംപ്ലോയി ബി’ എന്ന ജീവനക്കാരനെ സംബന്ധിച്ചും വിവരങ്ങൾ തേടി. എംപ്ലോയി ബിയെ ഡൽഹിയിൽ എത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചതായി എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നു.
കോടതിയിൽ തന്റെ അഭിഭാഷകന്റെ കാര്യത്തിലും റാണ ഉപാധികൾ വച്ചതായി എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നു. അഭിഭാഷകന് മാധ്യമങ്ങളെ കാണാൻ പാടില്ലെന്ന് റാണ ആവശ്യപ്പെട്ടു. തന്റെ പേരിൽ പ്രശസ്തനാകാൻ ശ്രമിക്കുന്ന അഭിഭാഷകനെ വേണ്ടെന്ന് റാണ വ്യക്തമാക്കി. അഭിഭാഷകനുള്ള ഉപാധികൾ റാണ എഴുതി നൽകി.
Story Highlights: Tahawwur Rana’s interrogation continues in the Mumbai terror attack case.