കൊച്ചി: ‘വാരിയംകുന്നന്’ എന്ന സിനിമ പ്രതിസന്ധിയിലായതോടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് രംഗത്ത്.
‘വാരിയംകുന്നന്’ സിനിമയില് നിന്നും സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. വാരിയംകുന്നന്റെ വേഷം ഏറ്റടുക്കാൻ ധൈര്യമുള്ള ഏത് കലാകാരൻ ആണ് ഉള്ളത്.. പറ…’ എന്ന് അദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
ആഷിക് അബുവും പൃഥ്വിരാജും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില് നിന്നും പിന്മാറിയതായി കഴിഞ്ഞ ദിവസമാണ് വാര്ത്ത പുറത്തുവന്നത്. 2020 ജൂണിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.
മലബാര് കലാപത്തിന്റെ നൂറാം വാര്ഷികദിനത്തിൽ ചിത്രീകരണത്തിന് തുടക്കം കുറിക്കുമെന്നറിയിച്ച സിനിമയുടെ പുതിയ അപ്ഡേറ്റുകളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല . സോഷ്യല് മീഡിയയില് ചിത്രം ഉപേക്ഷിച്ചതായി പ്രചരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
പിന്മാറ്റത്തിനു കാരണം നിര്മ്മാതാവുമായുള്ള തര്ക്കമാണെന്ന് ആഷിക് അബു പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില് സിക്കന്തര്, മൊയ്തീന് തുടങ്ങിയവർ നിര്മ്മിക്കുന്നുവെന്നാണ് അണിയറക്കാര് പ്രഖ്യാപന സമയത്ത് പങ്കുവച്ചിരുന്ന പോസ്റ്ററില് ഉണ്ടായിരുന്നത്.
ആഷിക് അബുവിനും ഒപിഎം സിനിമാസിന്റെ ബാനറില് നിര്മ്മാണ പങ്കാളിത്തമുണ്ടായിരുന്നു.ഹര്ഷദ്, റമീസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായിരുന്നത്. സിനിമ പ്രഖ്യാപനത്തിന് പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു.
അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന സിനിമയില് നിന്നും പിന്മാറിയ പൃഥ്വിരാജിനെയും ആഷിക് അബുവിനെയും പരിഹസിച്ച് ടി സിദ്ദിഖ്. എംഎല്എ.ഇരുവര്ക്കും ‘വാഴപ്പിണ്ടി ജ്യൂസ്’ നിര്ദേശിക്കുന്നുവെന്നാണ് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
“വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ് . വാഴപ്പിണ്ടി ചെറുതായി അരിഞ്ഞെടുത്ത് മിക്സിയില് അടിച്ചെടുത്തു ജ്യൂസായി കുടിക്കാം.സ്വാദിന് ഏലയ്ക്കയും തേനും വേണമെങ്കില് ചേർക്കാം.വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങൾ ഏറെയാണ്.നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു…“, എന്നിങ്ങനെയാണ് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
Story highlight : T Siddique against Prithviraj and Ashiq Abu in ‘vaariyamkunnan ‘movie issue.