ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനി സ്വിഗി തങ്ങളുടെ പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ ഇപ്പോൾ 10 രൂപയായി ഉയർത്തിയിരിക്കുകയാണ്. സ്വിഗിയുടെ ഈ നീക്കം സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് വന്നിരിക്കുന്നത്. പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ് പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചതെന്നായിരുന്നു സൊമാറ്റോയുടെ വാദം. ഫെസ്റ്റിവൽ കാലത്തെ തിരക്കാണ് പ്ലാറ്റ്ഫോം ഫീ വർധനയിലേക്ക് നയിച്ചതെന്നും കമ്പനി വിശദീകരിച്ചിരുന്നു.
ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൻ്റെ വിലയ്ക്കും, ജിഎസ്ടിക്കും, ഡെലിവറി ഫീസിനും റെസ്റ്റോറൻ്റ് ചാർജിനും പുറമെ ഈടാക്കുന്നതാണ് പ്ലാറ്റ്ഫോം ഫീ. ഈ ഫീസിന് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. അതായത് പത്ത് രൂപ പ്ലാറ്റ്ഫോം ഫീസാണെങ്കിലും ഉപഭോക്താവ് 11.8 രൂപ നൽകേണ്ടി വരും. ഇത് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുമെന്ന് വ്യക്തമാണ്.
ആദ്യമായി പ്ലാറ്റ്ഫോം ഫീസ് ഏർപ്പെടുത്തിയത് സ്വിഗിയായിരുന്നു. പിന്നീട് സൊമാറ്റോ ഇത് പിന്തുടർന്നു. 2023 ലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഉൾപ്പെടുത്തിയത്. ആദ്യം ഓർഡറിന് 2 രൂപയായിരുന്നു പ്ലാറ്റ്ഫോം ഫീ. എന്നാൽ 2024 അവസാനിക്കാറകുമ്പോഴേക്കും ഇത് 10 ആയി വർധിപ്പിച്ചു. ഈ വർധനവ് ഫുഡ് ഡെലിവറി മേഖലയിൽ മത്സരം കൂടുതൽ തീവ്രമാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Story Highlights: Swiggy increases platform fee from 7 to 10 rupees, following Zomato’s similar move