‘ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച ധീരനായ പത്ര പ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ഓർമ്മയായിട്ട് 109 വർഷം. തിരുവിതാംകൂറിലെ മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകൾക്കെതിരെയും വ്യക്തിപരമായ അപാകതകൾക്കെതിരെയും തൂലിക ചലിപ്പിച്ചതിന്റെ പേരിൽ നാടു കടത്തപ്പെട്ട ഇരുപതാം നൂറ്റാണ്ട് ദർശിച്ച സാഹസികനായ പത്ര പ്രവർത്തകനായിരുന്നു രാമകൃഷ്ണ പിള്ള.
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സ്വാത്രന്ത്ര്യ സമര സേനാനിയുമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ‘കേരള ദർപ്പണം’,’കേരളപഞ്ചിക’,’മലയാളി, ‘കേരളൻ’ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. ‘ആത്മ പോഷിണി’, ‘ഉപാധ്യായൻ’, ‘വിദ്യാർത്ഥി’ എന്നീ മാസികകളും ഇദ്ദേഹം തുടങ്ങി.
1906 ജനുവരി 17 ന് വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി ചുമതലയേറ്റ രാമകൃഷ്ണപ്പിള്ളയ്ക്ക്
മലേഷ്യയിലെ മലയാളികൾ ‘സ്വദേശാഭിമാനി’ എന്ന ബിരുദം നല്കി ആദരിച്ചു. 1912 സെപ്റ്റംബർ 28-ന് പാലക്കാട് നടന്ന മഹാസമ്മേളനത്തിൽവെച്ചായിരുന്നു മഹത്തായ ഈ അംഗീകാരം നല്കിയത്. തുടർന്ന് രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി രാമകൃഷ്ണപിളള’ എന്നറിയപ്പെട്ടു.
‘വൃത്താന്ത പത്ര പ്രവർത്തനം’, ‘ഭാര്യാ ധർമ്മം’,’ബാല ബോധിനി’, ‘കൃഷി ശാസ്ത്രം’,’സോക്രട്ടീസ്’, ‘അങ്ക ഗണിതം’,’കാൾ മാർക്സ്’, ‘ബഞ്ചമിൻ ഫ്രാങ്ക്ലിൻ’, ‘പൗര വിദ്യാഭ്യാസം’ എന്നീ കൃതികളും രചിച്ചു. അഴിമതിക്കും, സ്വജനപക്ഷപാതത്തിനും അനീതിക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിച്ച സ്വദേശാഭിമാനി
അധികാരികളുടെ നോട്ടപ്പുള്ളിയായി.
പത്രാധിപരെ എന്തു വില കൊടുത്തും നാട്ടിൽ നിന്നു പുറത്താക്കാൻ നടന്ന ഗൂഡാലോചനയ്ക്കൊടുവിൽ ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടു കെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. 1910 സെപ്റ്റംബർ 26 ന് സ്വദേശാഭിമാനി പ്രസ്സും രാമകൃഷ്ണ പിള്ളയുടെ വീടും പോലീസ് അടച്ചു പൂട്ടി മുദ്ര വച്ചു. തുടർന്ന് പത്രാധിപരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി രായ്ക്കുരാമാനം നാടു കടത്തി.
Story Highlights: Swadeshabhimani Ramakrishna Pillai, a fearless journalist who challenged the Travancore Maharaja’s administration, is remembered on his 109th death anniversary.