കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയം ഉയർന്നിരിക്കുകയാണ്. പെട്രോൾ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് ഈ സംശയത്തിന് കാരണമായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ പരാതിക്കാരന്റെ പേര് പ്രശാന്തൻ ടി വി എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ, പാട്ടക്കരാറിൽ സംരംഭകന്റെ പേര് പ്രശാന്ത് എന്നാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്.
സംരംഭകൻ പരാതി സമർപ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിർമിച്ചതെന്നുമുള്ള ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഈ വൈരുദ്ധ്യം ചർച്ചയാകുന്നത്. ചെങ്ങളായിയിൽ പ്രശാന്തന്റെ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിനായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് നവീന്റെ ആത്മഹത്യയ്ക്ക് കാരണമായത്.
എന്നാൽ നവീൻ തന്റെ സർവീസിലുടനീളം അഴിമതി കാട്ടാത്ത ഉദ്യോഗസ്ഥനാണെന്ന് മേൽ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പും സാക്ഷ്യപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. കൈക്കൂലി പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Suspicion arises over authenticity of complaint against former Kannur ADM K Naveen Babu due to discrepancies in signatures and names