രാജ്യത്ത് എം പോക്സ് സംശയത്തിൽ ഒരാൾ ഐസോലേഷനിലാണ്. എം പോക്സ് ബാധിത രാജ്യത്ത് നിന്നും ഇന്ത്യയിൽ എത്തിയ ആളാണ് ചികിത്സയിൽ ഉള്ളത്. രോഗിയുടെ നില നിലവിൽ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. എം പോക്സിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രാ സംബന്ധമായ ഒറ്റപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യം പൂർണ്ണമായി സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.
1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംശയാസ്പദമായ കേസ് ഗൗരവമായി പരിഗണിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
Story Highlights: Suspected Mpox Case Reported in India, Patient Put Under Isolation