കൊടകര കുഴൽപ്പണ കേസിൽ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തി. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കഥയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിബിഐയെ വിളിക്കട്ടേയെന്ന് പരിഹസിച്ച സുരേഷ് ഗോപി, സ്വർണക്കടത്തിനെ കുറിച്ചുകൂടി മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
‘സ്വർണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങൾ അന്വേഷിക്കണം. നിങ്ങൾ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകർ. ഞാൻ സുതാര്യമായി കാര്യങ്ങൾ പറയും’ എന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ് ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും, താൻ കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂർ സതീശ് ട്വന്റി ഫോറിനോട് നടത്തിയ വെളിപ്പെടുത്തൽ.
Story Highlights: Suresh Gopi responds to allegations of BJP’s involvement in Kodakara hawala case, dismissing media reports and calling for CBI investigation.