കേരളത്തിലെ മുസ്ലീം ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നതായി സുപ്രീം കോടതി ജഡ്ജ്

Anjana

കേരളത്തിലെ ഒരു മുസ്ലീം ഉടമസ്ഥതയിലുള്ള വെജിറ്റേറിയൻ ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നതായി സുപ്രീം കോടതി ജഡ്ജ് എസ്‌വിഎൻ ഭട്ടി വെളിപ്പെടുത്തി. കൻവർ യാത്രാ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവച്ചത്. ഹോട്ടലിന്റെ പേരോ സ്ഥലമോ വ്യക്തമാക്കാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനമാണ് അവിടെ ലഭിച്ചതെന്ന് അദ്ദേഹം പ്രശംസിച്ചു.

കാൻവാർ യാത്രാ റൂട്ടിലെ ഹോട്ടലുകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ഭട്ടി. ഹോട്ടൽ ഉടമയുടെ മതം നോക്കി ഭക്ഷണം കഴിക്കുന്നതിനെതിരെയുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഹോട്ടലുടമ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം നൽകിയതാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ഉടമയുടെ പേരല്ല, മറിച്ച് മെനു കാർഡാണ് നോക്കേണ്ടതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ഈ വിഷയത്തിൽ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളിലാണ് കോടതി ഇടപെടൽ.