ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ള നാല് ബഹിരാകാശ യാത്രികർ ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങിയെത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യൻ സമയം നാളെ രാവിലെ 8.15 ന് മടക്കയാത്ര ആരംഭിക്കും. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒൻപത് മാസത്തിലേറെയായി ബഹിരാകാശ നിലയത്തിൽ തുടരുകയായിരുന്നു സുനിതയും ബുച്ചും. ഫ്ലോറിഡയുടെ തീരത്തിന് സമീപം അറ്റ്\u200cലാന്റിക് സമുദ്രത്തിലാണ് പേടകം സ്പ്ലാഷ് ഡൌൺ ചെയ്യുക. ബുധനാഴ്ച പുലർച്ചെ 3.27ന് യാത്രികർ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ഡൌൺ ചെയ്യുമെന്ന് നാസ അറിയിച്ചു.
നിലവിൽ ഹാൻഡ് ഓവർ ഡ്യൂട്ടികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ മാത്രമേ ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുകയുള്ളൂ. കാലാവസ്ഥ അനുകൂലമായിരിക്കുക എന്നതും മടക്കയാത്രയ്ക്ക് നിർണായകമാണ്. സുനിതയുടേയും സംഘത്തിന്റെയും മടക്കയാത്ര ലൈവ് സംപ്രേക്ഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നീ യാത്രികരും സുനിതയ്ക്കും ബുച്ചിനുമൊപ്പം ഭൂമിയിലേക്ക് മടങ്ങും.
യാത്രികരെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ക്രൂ -10 ഡ്രാഗൺ പേടകം ഇന്നലെ ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു. പുതിയ യാത്രികരെ സ്വീകരിച്ച് സുനിത വില്യംസ് അത്ഭുത നിമിഷമെന്ന് പ്രതികരിച്ചു. പുതിയതായി എത്തിയ നാലംഗ സംഘം ആറ് മാസം ബഹിരാകാശ നിലയത്തിൽ തുടരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും വിഡിയോ ഇലോൺ മസ്ക് പങ്കുവെച്ചു.
Story Highlights: Sunita Williams and Butch Wilmore, along with two other astronauts, are set to return to Earth on Wednesday after spending over nine months on the International Space Station.