പാർട്ടിയുമായി അനുരഞ്ജനത്തിലേക്ക് നീങ്ങിയ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജനെ പാർട്ടിയുടെയും സർക്കാരിന്റെയും നേതൃത്വം പിന്നിൽനിന്ന് കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആരോപിച്ചു. ഈ സംഭവത്തിൽ പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തിയാൽ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുൾ നിവരുമെന്നും അദ്ദേഹം പറഞ്ഞു. സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാൻ പാർട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതായും സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഒന്നിലധികം തവണ ചർച്ച നടത്തി ജയരാജൻ അനുരഞ്ജനത്തിന്റെ പാതയിലായിരുന്നുവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. എന്നാൽ, അദ്ദേഹം പാർട്ടിയിൽ ശക്തി വീണ്ടെടുത്താൽ അത് ഭീഷണിയായി കരുതുന്നവർ തന്നെയാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ജയരാജനെ ഒതുക്കാൻ ഉപയോഗപ്പെടുത്തിയ ഈ നേതാക്കളുടെ പാർട്ടിക്കൂറാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിന്റെ ചരിത്രത്തിൽ എംവി രാഘവൻ, കെആർ ഗൗരിയമ്മ, കെപിആർ ഗോപാലൻ, വിബി ചെറിയാൻ, ചാത്തുണ്ണി മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് സുധാകരൻ ഓർമ്മിപ്പിച്ചു. മുൻ മന്ത്രിയും മുൻ എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെയും പുറത്താക്കാൻ പാർട്ടിയിൽ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു തുറന്നു പറയാൻ ഭയക്കുന്നതുകൊണ്ടാണ് ജയരാജൻ ആത്മകഥാ ചോർച്ചയുമായി ബന്ധപ്പെട്ട് വിശ്വസനീയമല്ലാത്ത കഥകൾ പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Story Highlights: KPCC President K Sudhakaran accuses CPI(M) leadership of backstabbing E.P. Jayarajan over autobiography leak