താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിശദമായ വകുപ്പുതല അന്വേഷണവും നടക്കും. ഷഹബാസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു. സംഭവത്തെ ഏറെ ദുഃഖകരമെന്നും മന്ത്രി വിശേഷിപ്പിച്ചു.
വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.
ആദ്യത്തെ സംഘർഷത്തിനിടെയാണ് ഷഹബാസിന് ക്രൂരമായി മർദനമേറ്റത്. വട്ടം ചുറ്റി നിന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഞ്ചക്ക്, ഇടിവള തുടങ്ങിയ ആയുധങ്ങളുമായാണ് വിദ്യാർത്ഥികൾ എത്തിയത്. കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാർത്ഥികളിൽ മൂന്ന് പേർ നേരത്തെ ചില കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ഷഹബാസിന്റെ മരണത്തെ തുടർന്ന്, ആക്രമണത്തിൽ പങ്കാളികളായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: A student died after a clash in Thamarassery, Kozhikode, prompting an investigation by the Education Department.