താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാലോറക്കുന്ന് സ്വദേശി ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് ഷഹബാസിന്റെ നില വഷളാക്കിയത്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലാണെന്നും ഡോക്ടർമാർ ഒന്നും പറയാൻ കഴിയില്ലെന്നും പിതാവ് പറഞ്ഞു.
വിദ്യാർത്ഥിയുടെ പിതാവ് ക്വട്ടേഷൻ സംഘത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. കുട്ടികൾ മാത്രമല്ല മർദ്ദിച്ചതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മനസാക്ഷിയുള്ളവർക്ക് ഇത്രയും ക്രൂരമായി മർദ്ദിക്കാൻ കഴിയില്ലെന്ന് പിതാവ് ഇഖ്ബാൽ പറഞ്ഞു.
സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെയാണ് സംഘർഷം ഉണ്ടായത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി വിദ്യാർഥികൾ കപ്പിൾ ഡാൻസ് കളിച്ചു. കളിക്കിടെ പാട്ട് നിന്നതിനെ തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂവി വിളിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.
പ്രതികാരം ചെയ്യാനായി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ ഉണ്ടാക്കി ആസൂത്രണം നടത്തിയതായി പോലീസ് കണ്ടെത്തി. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഫെയർവെൽ പാർട്ടി നടന്നത്.
Story Highlights: A tenth-grade student is in critical condition after a student clash in Thamarassery, Kozhikode.