ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതായി രക്ഷിതാക്കൾ ആരോപിച്ചു. മൂക്കിന്റെ പാലം രണ്ടര സെന്റീമീറ്റർ അകത്തേക്ക് തകർന്നു കണ്ണിനും മൂക്കിനോടും ചേർന്ന ഭാഗവും പൂർണമായും തകർന്നു. തലച്ചോറിലേക്കുള്ള ഞരമ്പുകളെ വരെ ബാധിച്ച മർദ്ദനത്തിൽ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും കുടുംബം വ്യക്തമാക്കി.
തമ്പോല ടീം എന്ന ഗ്യാങ്ങിനൊപ്പം പ്രവർത്തിക്കുന്ന പ്രതി, കുട്ടിയെ നേരത്തെയും ആക്രമിച്ചിരുന്നതായും ചോദ്യം ചെയ്താൽ തമ്പോല ടീമിനെക്കൊണ്ട് പുറത്ത് വച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും രക്ഷിതാക്കൾ പറയുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
സാജൻ എന്ന വിദ്യാർത്ഥിയെയാണ് സഹപാഠി കിഷോർ ക്ലാസ് മുറിയിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിച്ചത്. മർദ്ദനമേറ്റ സാജൻ ആശുപത്രിയിൽ ചികിത്സയിലാണ്. കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കിഷോർ, സാജനെ പിറകിൽ നിന്ന് കഴുത്തു ഞെരിച്ച് സ്വകാര്യ ഭാഗങ്ങളിലടക്കം മർദ്ദിച്ചുവെന്ന് പിതാവ് അഡ്വ. ജയചന്ദ്രൻ പരാതി നൽകി. യാതൊരു മുൻവൈരാഗ്യവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സാജന്റെ ശസ്ത്രക്രിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പൂർത്തിയാക്കിയതായും പിതാവ് വ്യക്തമാക്കി.
Story Highlights: A student in Ottapalam was brutally assaulted by a classmate, leaving him in critical condition.