2035-ഓടെ ഇന്ത്യ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. “ഭാരതീയ അന്ത്രിക്ഷ് സ്റ്റേഷൻ” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡോക്കിങ് സാങ്കേതികവിദ്യയിലൂടെ ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിയിണക്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനാവുക. ഈ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയത് സ്പാഡെക്സ് പരീക്ഷണത്തിലൂടെയാണ്.
ഐഎസ്ആർഒയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ വെള്ളിയാഴ്ച അറിയിച്ചു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്പാഡെക്സ് പരീക്ഷണത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ വിജയകരമായി ഡോക്കുചെയ്യുന്നതിൻ്റെ വീഡിയോയും ഐഎസ്ആർഒ പുറത്തുവിട്ടു.
ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ചന്ദ്രയാൻ-4, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിൽ ബഹിരാകാശയാത്രികനെ ഇറക്കൽ തുടങ്ങിയ രാജ്യത്തിൻ്റെ ഭാവി ദൗത്യങ്ങൾക്ക് ഈ പരീക്ഷണം നിർണായകമാണ്. ഡോക്കിംഗ് പരീക്ഷണത്തിനായുള്ള 220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു.
ISRO successfully completed docking of two SPADEX satellites (SDX-01 & SDX-02) in the early hours of 16 January, 2025.#SPADEX #ISRO pic.twitter.com/UJrWpMLxmh
— ISRO (@isro) January 17, 2025
ഡോക്കിങ് സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയതോടെ ബഹിരാകാശ ഗവേഷണത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്ത്യ സജ്ജമായി. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ നേട്ടം വളരെ പ്രാധാന്യമർഹിക്കുന്നു. സാമൂഹ്യമാധ്യമമായ എക്സിലാണ് പരീക്ഷണം വിജയകരമായതിന്റെ വീഡിയോ ഐഎസ്ആർഓ പങ്ക് വെച്ചിരിക്കുന്നത്.
Story Highlights: ISRO successfully conducted the SPADEX experiment, making India the fourth country to master docking technology.