മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു മകൻ തന്റെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കി. വെള്ളിയാഴ്ച രാവിലെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഉജ്ജയിനിലെ മുൻ കോൺഗ്രസ് നേതാവ് കൂടിയായ കലിം ഖാൻ എന്ന ഗുഡ്ഡു (60) ആണ്. സ്വത്ത് കൈവിട്ടുപോകുമെന്ന സംശയമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കലിം ഖാന്റെ ഭാര്യ നിലോഫർ, മക്കളായ ഡാനിഷ്, ആസിഫ് എന്ന മിന്റു, കൂടാതെ ആസിഫിന്റെ സുഹൃത്ത് ജാവേദ്, ജാവേദിന്റെ സഹോദരൻ സൊഹ്റാബ്, ഇവരുടെ ബന്ധുവായ ഇമ്രാൻ എന്നിവരാണ് ഗൂഢാലോചനയിൽ പങ്കാളികളായതെന്ന് ഉജ്ജയിൻ എസ്പി പ്രദീപ് ശർമ വ്യക്തമാക്കി. ഡാനിഷാണ് അച്ഛനെ വെടിവെച്ചത്. ഡാനിഷും സൊഹ്റാബും ഒഴികെയുള്ള പ്രതികളെല്ലാം അറസ്റ്റിലായി.
കലിം ഖാന്റെ അനന്തരവനോടുള്ള പ്രത്യേക മമതയാണ് കുടുംബത്തിൽ സംശയം സൃഷ്ടിച്ചത്. ഒന്നരവയസ്സു മുതൽ കലിം ഖാനാണ് അനന്തരവനെ വളർത്തിയത്. അടുത്തിടെ കോടികൾ വിലമതിക്കുന്ന സ്ഥലവും അനന്തരവന് വാങ്ങി നൽകി. ഇതോടെ സ്വത്തുക്കൾ മുഴുവൻ അനന്തരവന് നൽകുമെന്ന സംശയം ഭാര്യയിലും മക്കളിലും ഉടലെടുത്തു. തുടർന്ന് പ്രതികൾ കലിം ഖാനെ കൊല്ലാൻ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു. ഒക്ടോബർ നാലിന് ആദ്യ വധശ്രമം നടന്നെങ്കിലും കലിം ഖാൻ രക്ഷപ്പെട്ടു. അവസാനം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ വെച്ച് ഡാനിഷ് നാടൻ തോക്കുപയോഗിച്ച് അച്ഛനെ വെടിവെച്ചു കൊന്നു.
Story Highlights: Son shoots father over property dispute in Madhya Pradesh, family members involved in conspiracy