സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് സഹോദരിയുടെ മകളുടെ മരണത്തിൽ വേദനയോടെ എഴുതിയ ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ്. ഷാജി കെ. മാത്തൻ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലാണ് അദ്ദേഹം തന്റെ സഹോദരി ഷീജയുടെ മകൾ സ്നേഹ അന്ന ജോസിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ഏറെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന വർഷത്തിലാണ് സ്നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. അസുഖം ഗുരുതരമാണെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്നേഹ, പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി. വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്നേഹയ്ക്കുണ്ടായിരുന്നു.
രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ആദ്യത്തെ മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി. എന്നാൽ രണ്ടര വർഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സ്നേഹ യാത്രയായി.
ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തന്റെ കുറിപ്പ് കണ്ണീരോടെ മാത്രമേ വായിച്ചുതീർക്കാനാവൂ. മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്ലക്സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. ‘ഇനി ചെയ്തു തീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം’ എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്.
Story Highlights: Emotional Facebook post about Sneha Anna Jose’s death goes viral in Kerala