സൗജന്യമായി ലഭിച്ചിരുന്ന സ്നാപ്ചാറ്റ് മെമ്മറീസ് ഫീച്ചറിന് ഇനി മുതൽ പണം നൽകേണ്ടി വരും. 5GB സ്റ്റോറേജ് വരെ സൗജന്യമായി ഉപയോഗിക്കാം. എന്നാൽ കൂടുതൽ സ്റ്റോറേജിന് പണം നൽകേണ്ടി വരുന്ന ഈ പുതിയ മാറ്റത്തിനെതിരെ ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.
മെമ്മറീസ് ഫീച്ചറിന് പണം ഈടാക്കാനുള്ള തീരുമാനവുമായി സ്നാപ്ചാറ്റ് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ 12 വർഷമായി സൗജന്യമായി ലഭിച്ചിരുന്ന ഈ ഫീച്ചറിനാണ് ഇനി മുതൽ ഉപയോക്താക്കൾ വില നൽകേണ്ടി വരുന്നത്. 24 മണിക്കൂർ നേരത്തേക്ക് മാത്രം കാണാൻ കഴിയുന്ന യൂസർമാർ ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത് വെക്കാനും, പിന്നീട് ആവശ്യമുള്ളപ്പോൾ എടുത്ത് കാണാനും സഹായിക്കുന്ന ഫീച്ചറാണ് സ്നാപ്ചാറ്റ് മെമ്മറീസ്.
വർഷങ്ങളായി സൗജന്യമായി നൽകിയിരുന്ന സേവനത്തിന് പെട്ടെന്ന് പണം ഈടാക്കാൻ തുടങ്ങിയതോടെ സ്നാപ്ചാറ്റിനെതിരെ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിരവധി ആളുകളാണ് തങ്ങളുടെ ഓർമ്മകൾ സൂക്ഷിക്കാനായി ഈ ആപ്ലിക്കേഷനെ ആശ്രയിക്കുന്നത്. ഗൂഗിൾ ക്ലൗഡ്, ഐ ക്ലൗഡ് എന്നിവയുടെ സ്റ്റോറേജിന് പണം നൽകുന്നതുപോലെ ഇനി സ്നാപ്ചാറ്റിലെ മെമ്മറീസിനും പണം നൽകേണ്ടി വരും.
പുതിയ മാറ്റങ്ങൾ വരുന്നതുകൊണ്ട് നിങ്ങളുടെ ഡാറ്റ നഷ്ടപ്പെടുന്നില്ല. നിങ്ങളുടെ പഴയ ഡാറ്റ ഫോണിലേക്കോ അല്ലെങ്കിൽ മറ്റൊരു ക്ലൗഡ് സ്റ്റോറേജിലേക്കോ മാറ്റാനുള്ള അവസരം സ്നാപ്ചാറ്റ് നൽകുന്നുണ്ട്. അതേസമയം, വർഷങ്ങളായുള്ള ഡാറ്റ ഡൗൺലോഡ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
100 GB, 256 GB, 5 TB എന്നിങ്ങനെ വിവിധ സ്റ്റോറേജ് പ്ലാനുകളാണ് സ്നാപ്ചാറ്റ് അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 100 GB സ്റ്റോറേജിന് ഏകദേശം 165 രൂപയും (1.99 ഡോളർ) 256 GB സ്റ്റോറേജിന് 330 രൂപയും (ഏകദേശം 4 ഡോളർ) 5 TB സ്റ്റോറേജിന് 1,400 രൂപയുമാണ് (15.99 ഡോളർ) പ്രതിമാസ ചിലവ്. നിലവിൽ 5 GB-യിൽ കൂടുതൽ മെമ്മറി ഉപയോഗിക്കുന്നവർക്ക് 12 മാസത്തേക്ക് താൽക്കാലിക സ്റ്റോറേജ് നൽകുമെന്നും പറയപ്പെടുന്നു.
“സൗജന്യമായി ഒരു സേവനം സ്വീകരിക്കുന്നതിൽ നിന്ന് അതിന് പണം നൽകുന്നതിലേക്ക് മാറുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എങ്കിലും മെമ്മറികൾ ഉപയോഗിച്ച് ഞങ്ങൾ നൽകുന്ന സേവനത്തിന് നിങ്ങൾ വില കൽപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്” എന്ന് സ്നാപ്ചാറ്റ് ഈ മാറ്റത്തെക്കുറിച്ച് പ്രതികരിച്ചു. ജെൻസികളുടെ ഇഷ്ട ആപ്ലിക്കേഷനായ സ്നാപ്ചാറ്റിൽ ഈ ഫീച്ചറിന് വലിയ വില നൽകേണ്ടി വരുന്നത് ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്.
Story Highlights: Snapchat users may soon have to pay for the Memories feature, which has been free for 12 years, as the company introduces new storage plans.