സ്കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്യുവിയായ കൈലാക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഡിസംബർ രണ്ടു മുതൽ ബുക്കിങ് ആരംഭിക്കുന്ന കൈലാക്കിന്റെ ഡെലിവറി അടുത്ത വർഷം ജനുവരി 27 മുതൽ തുടങ്ങും. ഒരു ലക്ഷത്തിലേറെ വിൽപനയെന്ന നേട്ടം കൈവരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം അപേക്ഷകളിൽ നിന്നാണ് കൈലാക് എന്ന പേര് തെരഞ്ഞെടുത്തത്. ഫോക്സ്വാഗൺ-സ്കോഡ ബ്രാൻഡുകൾ സംയുക്തമായി വികസിപ്പിച്ച MBQ A0 IN പ്ലാറ്റ്ഫോമിലാണ് പുതിയ എസ്യുവി നിർമ്മിച്ചിരിക്കുന്നത്. കുഷാഖിനോട് സാമ്യമുള്ള ഇന്റീരിയറും ഫീച്ചറുകളുമാണ് കൈലാകിന്റെ പ്രത്യേകത.
1.0 ലിറ്റർ ത്രീ സിലിണ്ടർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് കൈലാകിന് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉള്ള വാഹനത്തിന്റെ എഞ്ചിന് 114 bhp കരുത്തും 178 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്സി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ISOFIX ചൈൽഡ് സീറ്റ് മൗണ്ട്സ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. 446 ലീറ്റർ ബൂട്ട്സ്പേസും ലഭ്യമാണ്.
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൈലാക് അവതരിപ്പിച്ചിരിക്കുന്നത്. ഡാഷ്ബോർഡ് ലേ ഔട്ട്, സൈഡ് വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ പാനലുകൾ, ടു സ്പോക് സ്റ്റിയറിങ് എന്നിവയും വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.
Story Highlights: Skoda launches its first sub-compact SUV Kylaq in India, priced from Rs 7.89 lakh