പത്തനംതിട്ട ജില്ലയിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ എസ്കെഎൻ 40ന്റെ കേരള യാത്ര വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. പമ്പയാറിന്റെയും പള്ളിയോടങ്ങളുടെയും പടയണിയുടെയും വഞ്ചിപ്പാട്ടിന്റെയും ആറന്മുള കണ്ണാടിയുടെയും നാട്ടിലൂടെ സഞ്ചരിച്ച യാത്ര, പത്തനംതിട്ടയുടെ സാംസ്കാരിക പൈതൃകത്തെ ആഴത്തിൽ സ്പർശിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, യോഗക്ഷേമസഭ നേതാവ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങി നിരവധി പ്രമുഖർ സമാപന സദസ്സിൽ പങ്കെടുത്തു.
പത്തനംതിട്ടയിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്കെഎൻ 40 ന്റെ കേരള യാത്ര ജില്ലയിൽ പര്യടനം നടത്തിയത്. അടൂരിൽ നിന്നും ആരംഭിച്ച യാത്ര, ആറന്മുള ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള മോണിംഗ് ഷോയോടെയാണ് തുടക്കം കുറിച്ചത്. തിരുവല്ല കെഎസ്ആർടിസി പരിസരത്ത് നടന്ന സമാപന സദസ്സിന് മുന്നോടിയായി വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പ്രകടനങ്ങളും അരങ്ങേറി.
56 വർഷങ്ങൾക്ക് മുൻപ് വിമാനപകടത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ തോമസ് ചെറിയാന്റെ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ ശവകുടീരം യാത്ര സന്ദർശിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായി ലഹരി വിരുദ്ധ സംവാദവും നടത്തി. എഴുത്തുകാരൻ ബെന്യാമിൻ, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ എന്നിവരും വിവിധ ഇടങ്ങളിലെത്തി കേരള യാത്രയ്ക്ക് പിന്തുണ അറിയിച്ചു. ജില്ലയിലെ പോലീസ് – എക്സൈസ് മേധാവികളും എസ് കെ എൻ ഫോർട്ടിക്ക് ഒപ്പം ചേർന്നു.
മർത്തോമ്മ സഭയുടെ ആസ്ഥാനത്തും യാത്ര സന്ദർശനം നടത്തി. സഭാ സെക്രട്ടറി എബി റ്റി മാമന്റെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു. വൈദിക മേധാവികളുമായി യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച നടത്തി. നാളെ ആലപ്പുഴ ജില്ലയിലേക്ക് യാത്ര പ്രവേശിക്കും.
Story Highlights: SKN40’s anti-drug campaign concludes in Pathanamthitta after touring the district and engaging with students, officials, and community leaders.