കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾ പീഡനം നേരിട്ടിട്ടുണ്ടെന്ന് മുൻ എഐസിസി അംഗം സിമി റോസ്ബെൽ ജോൺ വെളിപ്പെടുത്തി. പലരും തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ ഇതെല്ലാം പുറത്തുവരുമെന്നും അവർ പറഞ്ഞു. തന്നോട് ചെയ്തത് അനീതിയാണെന്നും താൻ എന്തു തെറ്റാണ് ചെയ്തതെന്നും സിമി ചോദിച്ചു. എന്നാൽ, പാർട്ടിയിൽ തന്നെ പിന്തുണയ്ക്കുന്നവരും ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
സിപിഐഎമ്മിനെ കൂട്ടുപിടിച്ചുവെന്ന ആരോപണം തെളിയിച്ചാൽ ശിരസ് മുണ്ഡനം ചെയ്ത് കെപിസിസിക്ക് സമർപ്പിക്കുമെന്ന് സിമി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. ജെബി മേത്തറിനെതിരെയും അവർ രംഗത്തെത്തി. പെട്ടെന്ന് ഒരു ദിവസം നേതൃത്വത്തിൽ എത്തിയ ആളാണെന്നും പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടിയെന്നും സിമി ആരോപിച്ചു.
കേരളത്തിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ലെന്ന് സിമി നേരത്തെ പറഞ്ഞിരുന്നു. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതായും അവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
Story Highlights: Former AICC member Simi Rosebell John alleges harassment of women in Congress