ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് എതിരെ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ ഈ പരാമർശം. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സർക്കാരിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും സിദ്ദിഖ് വ്യക്തമാക്കി. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സിദ്ദിഖിൻ്റെ ഹർജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
നേരത്തെ, കേസിൽ മറുപടി സത്യവാങ്മൂലം നല്കാനായി കൂടുതല് സമയം വേണമെന്ന് സിദ്ദിഖ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു. അതേസമയം, നടൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.
Story Highlights: Actor Siddique responds to state government’s report in Supreme Court, denying allegations in rape case