ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇവ അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ തെരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു.
ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലിലാണ് അടിത്തട്ടിൽ നിന്ന് കയർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡിഎൻഎ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാൻ അഞ്ച് ദിവസത്തോളം സമയം എടുക്കും.
ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. എന്നാൽ ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്നത്തെ തിരച്ചിലിൽ തൃപ്തിയുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.
കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജുന്റെ ട്രക്ക് ഉണ്ടെന്ന് സംശയമുള്ള സ്ഥലത്താണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന തിരച്ചിൽ നടപടികളിലും സംവിധാനത്തിലും പ്രതീക്ഷ വയ്ക്കുന്നുണ്ടെന്നും ജിതിൻ വ്യക്തമാക്കി. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും.
റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights: Shiroor rescue mission enters crucial phase as Arjun’s lorry parts identified in Gangavali river search