കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരിയുടെ ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. കർണാടക പൊലീസും കാർവാർ എംഎൽഎ സതീഷ് സെയിലും യാത്രയിൽ ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.
ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കിയത്. നാളെ രാവിലെ 6 മണിക്ക് അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കും. ഇതിനിടെ അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ ഈ തുക അർജുന്റെ അമ്മയ്ക്ക് കൈമാറും.
72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക, കേരള സർക്കാരുകളുടെ നിരന്തര ശ്രമഫലമായാണ് മൃതദേഹം കണ്ടെത്തിയത്. CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കരയ്ക്കെത്തിച്ചു. ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിൽപ്പെട്ടത്. മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്.
Story Highlights: Karnataka government hands over body of Arjun, victim of Shiroor landslide, to family after 72-day search