കൊച്ചി:◾ ലഹരിമരുന്ന് കേസിൽ പ്രതിയായ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും. ഷൈനിന്റെ മൊഴികൾ വിശദമായി പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തിന് കൂടുതൽ സമയം ആവശ്യമായി വന്നതിനാലാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചത്. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടാകും. നടന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ലഹരി ഇടപാടുകളുടെ സാമ്പത്തിക രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം.
ഷൈനിന്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് അയക്കും. നോർത്ത് പൊലീസ് സ്റ്റേഷനിൽ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിർണായക വിവരങ്ങൾ ഷൈൻ വെളിപ്പെടുത്തിയത്. സിനിമാ മേഖലയിലെ പല പ്രമുഖരും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ തനിക്കും മറ്റൊരു നടനും മാത്രമാണ് പേര് വന്നതെന്നും ഷൈൻ പറഞ്ഞു. സിനിമാ അസിസ്റ്റന്റിൽ നിന്നാണ് ലഹരി ലഭിക്കുന്നതെന്നും ഷൈൻ വെളിപ്പെടുത്തി.
നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ തീരുമാനിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിങ് ഇന്ന് നടക്കും. വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരാണ് സമിതി അംഗങ്ങൾ. നടിയുടെ പരാതിയിൽ ഇന്ന് വിശദീകരണം നൽകാമെന്ന് ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചിരുന്നു.
ഷൈനിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ഫിലിം ചേംബർ യോഗവും ഇന്ന് ചേരും. ഉച്ചതിരിഞ്ഞ് 3.30ന് മോണിറ്ററിങ് കമ്മിറ്റിക്ക് ശേഷമായിരിക്കും നടപടികളിൽ തീരുമാനമുണ്ടാകുക. സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നടപടികളും ഇന്ന് ഉണ്ടായേക്കും.
Story Highlights: Kochi City Police Commissioner will lead a meeting of the investigation team to evaluate the progress of the drug case against actor Shine Tom Chacko.