എറണാകുളം ടൗൺ നോർത്ത് പോലീസ് തയ്യാറാക്കിയ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയിലാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടിയതിനെക്കുറിച്ചടക്കമുള്ള കാര്യങ്ങൾ നടനിൽ നിന്ന് പൊലീസ് ചോദിച്ചറിയും. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യൽ വിഡിയോയായി ചിത്രീകരിക്കുകായും ചെയ്യും.
ഷൈനിൻ്റെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. പല ചോദ്യങ്ങൾക്കും ഒറ്റവാക്കിൽ മാത്രമാണ് മറുപടി നൽകുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഷൈൻ മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കിലും ചോദ്യം ചെയ്യലിനായി ഒരു ഫോൺ മാത്രമായാണ് ഹാജരായത്.
സ്ഥിരം ഇടപാട് നടത്തുന്ന ഫോൺ അല്ല ഷൈൻ കൊണ്ടുവന്നിരിക്കുന്നതെന്നാണ് പോലീസിന്റെ സംശയം. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോൺ കോളുകളും യാത്രാ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രക്ഷപെട്ട ശേഷം ഷൈൻ താമസിച്ച ഹോട്ടലിലെ സിസിടിവി യും പൊലീസ് എടുത്തിട്ടുണ്ട്.
പൊലീസ് പറഞ്ഞതിലും അരമണിക്കൂർ നേരത്തെയാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നൽകിയത്. യാത്രയിൽ ആയതിനാൽ വൈകിട്ട് 3.30 ന് ഷൈൻ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചത്. എന്നാൽ, 10.30 ന് തന്നെ എത്തുമെന്ന് പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.
പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ ചോദ്യം ചെയ്യലിനായി ഹാജരായത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടികയും പൊലീസ് ശേഖരിച്ചു. ഷൈനിൻ്റെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
Story Highlights: Actor Shine Tom Chacko is being questioned by the police regarding a drug case, and his WhatsApp chats and Google Pay transactions are under scrutiny.