വിഴിഞ്ഞം തുറമുഖ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ; കാരണം വ്യക്തമാക്കി

Anjana

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്കുകപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി പങ്കെടുക്കില്ലെന്ന് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താത്തതാണ് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, തുറമുഖ പദ്ധതിക്ക് പൂർണ പിന്തുണയുണ്ടെന്നും തരൂർ വ്യക്തമാക്കി. സ്ഥലം എം.പിയെന്ന നിലയിൽ പദ്ധതിക്ക് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യത്തെ കപ്പൽ വന്നപ്പോൾ തന്നെ തനിക്കുള്ള ചില ആശങ്കകൾ മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നതായി തരൂർ വെളിപ്പെടുത്തി. അത് പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോഴും ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയോടോ പദ്ധതി നടത്തിപ്പിനോടോ തനിക്ക് ഒരു തരത്തിലുമുള്ള എതിർപ്പുമില്ലെന്നും തരൂർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. സ്വപ്നം തീരമണയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ മനപ്പൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും, വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അഭിപ്രായപ്പെട്ടു.