കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷവും ശശി തരൂർ അതൃപ്തിയിലാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ദേശീയ തലത്തിൽ തഴയപ്പെടുന്നതിനാൽ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് തരൂർ ചോദിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തനിക്ക് എന്ത് ചുമതല നൽകുമെന്നും അദ്ദേഹം രാഹുൽ ഗാന്ധിയോട് ചോദിച്ചു. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിലും തുടർച്ചയായി തഴയപ്പെടുന്നതിലും അതൃപ്തനായ തരൂർ മാസങ്ങളായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടുകയായിരുന്നു.
പാർട്ടി നയം മറികടക്കരുതെന്ന് രാഹുൽ ഗാന്ധി തരൂരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടുന്ന പതിവ് കോൺഗ്രസിന് ഇല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രകീർത്തിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്തതിലും തരൂർ പരാതി അറിയിച്ചു.
പാർലമെന്ററി നേതൃത്വം ആഗ്രഹിച്ചിരുന്നെങ്കിലും തഴയപ്പെട്ടതായും പാർലമെന്റിലെ പ്രധാന ചർച്ചകളിൽ ഉൾപ്പെടുത്താത്തതായും തരൂർ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ എന്ത് ചുമതല വഹിക്കാനാണ് നേതൃത്വം ആഗ്രഹിക്കുന്നതെന്ന് രാഹുലിനോട് തരൂർ ചോദിച്ചു. തരൂർ ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിലും പാർട്ടി നയം പാലിക്കണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചു. കൂടിക്കാഴ്ചയിൽ തരൂർ കേരളത്തിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സൂചനയുണ്ട്.
Story Highlights: Shashi Tharoor expresses dissatisfaction despite discussions with Congress leadership.