രാഷ്ട്രീയപരമായ നിലപാടുകളിൽ തന്റേതായ ശൈലി പിന്തുടരുന്ന ശശി തരൂർ എം.പി., സമീപകാലത്ത് താൻ നല്ലത് കണ്ടാൽ നല്ലതെന്ന് പറയുമെന്ന നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഈ ‘വിശ്വപൗരന്റെ വിശ്വമാനവികത’ എന്ന നിലപാട് അവസരവാദപരമാണെന്ന് കോൺഗ്രസിലെ ചിലരും, ഇപ്പോൾ സി.പി.ഐ.എമ്മും വിമർശിക്കുന്നു. ഈ വിഷയത്തിൽ കോൺഗ്രസും സി.പി.ഐ.എമ്മും തമ്മിൽ ഭിന്ന അഭിപ്രായങ്ങളുണ്ട്.
സംസ്ഥാന സർക്കാരിന്റെ വ്യവസായ പുരോഗതിയെ പ്രശംസിച്ച് ലേഖനം എഴുതിയപ്പോഴാണ് തരൂർ ആദ്യമായി ഈ നയം അവതരിപ്പിച്ചത്. അന്ന് സി.പി.ഐ.എം. അതിനെ പിന്തുണച്ചെങ്കിലും കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഇപ്പോൾ, ശശി തരൂർ എക്സിൽ പങ്കുവെച്ച ഒരു കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി സി.പി.ഐ.എം. പരിഭവിക്കാനും കോൺഗ്രസ് പരിഹസിക്കാനും ബി.ജെ.പി. അഭിനന്ദിക്കാനും തുടങ്ങി.
തുർക്കിയിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ 10 കോടി രൂപ സഹായം നൽകിയത് അസ്ഥാനത്തുള്ള ഉദാരതയാണെന്ന് തരൂർ വിമർശിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഈ പണം നൽകിയിരുന്നെങ്കിൽ കൂടുതൽ പ്രയോജനകരമായേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിമർശനം ആദ്യമായി ഉന്നയിച്ചത് ശശി തരൂരോ കോൺഗ്രസോ അല്ല, സംഘപരിവാറാണ് എന്നതാണ് ശ്രദ്ധേയം. കേന്ദ്ര സർക്കാർ തുർക്കിയെ സഹായിക്കാൻ ഓപ്പറേഷൻ ദോസ്ത് സംഘടിപ്പിച്ചത് തരൂരിന് അറിയാമെന്നിരിക്കെ സംസ്ഥാന സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം അനാവശ്യമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കുറ്റപ്പെടുത്തി.
ശശി തരൂരിന് സെലക്ടീവ് അമ്നീഷ്യയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി പരിഹസിച്ചു. രണ്ട് വർഷം മുൻപ് കേരളം തുർക്കിക്ക് നൽകിയ സഹായം, ഇപ്പോഴത്തെ സാഹചര്യവുമായി കൂട്ടിക്കുഴക്കുന്നതാണോ ശശി തരൂർ പറയുന്ന തുറന്ന സമീപനമെന്നും മാനവികതക്ക് അതിര് നിശ്ചയിക്കുന്നത് വിശ്വപൗരന് യോജിച്ചതാണോ എന്നും ചോദ്യങ്ങളുയരുന്നു. പാകിസ്താൻ അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയോട് ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, തുർക്കിക്ക് കേരളം നൽകിയ സഹായം സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരുന്നു.
ഇതിനിടെ ഇസ്താംബുളിലെ കോൺഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഓഫീസാണെന്ന് പറഞ്ഞ അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കുമെതിരെ കോൺഗ്രസ് പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ വിവാദങ്ങളിലൊന്നും ശശി തരൂർ പ്രതികരിച്ചില്ല. ആർക്കെതിരെ എന്ത് പറയണം, എന്ത് പറയേണ്ടതില്ല എന്നുള്ളത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നിരുന്നാലും, ശശി തരൂർ എന്ത് പറയുന്നു, എന്ത് പറയുന്നില്ല എന്നതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. കോൺഗ്രസിന് സമാന്തരമായി സ്വന്തമായി ഒരു വഴി വെട്ടി ബിജെപിയിലേക്കുള്ള അകലം കുറയ്ക്കുകയാണോ തരൂർ എന്ന് പലരും സംശയിക്കുന്നു.
ശശി തരൂർ ബിജെപിയിൽ ചേരില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കോൺഗ്രസ് വിടുമെന്ന സൂചന നൽകിയിട്ടില്ല. മാത്രമല്ല, താൻ പാർട്ടിക്ക് പൂർണ്ണമായി വിധേയനാകാൻ തയ്യാറല്ലെന്ന് അദ്ദേഹം പലപ്പോഴും പ്രവൃത്തികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ട് ശശി തരൂർ ആദ്യമായി വിമത സ്വരം ഉയർത്തി. എന്നാൽ, ഹൈക്കമാൻഡ് നോമിനിയായ മല്ലികാർജുൻ ഖർഗെയോട് തോറ്റതിന് ശേഷം കേരളത്തിൽ സജീവമാകാൻ അദ്ദേഹം ശ്രമിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നയത്തെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിലെ ശാന്തത വീണ്ടും നഷ്ടപ്പെട്ടു. ഈ ലേഖനം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയും എൽ.ഡി.എഫ്. അത് പ്രചാരണായുധമാക്കുകയും ചെയ്തു. വി.ഡി. സതീശനും കെ. സുധാകരനും ഈ ലേഖനം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും, താൻ എഴുതിയത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തരൂർ ഉറച്ചുനിന്നു. ഈ സമയത്ത് സി.പി.ഐ.എം. നേതാക്കൾ അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാടിനെ പ്രശംസിച്ചു. നരേന്ദ്ര മോദിയുടെ വിദേശനയത്തെ തരൂർ പിന്തുണച്ചത് കോൺഗ്രസിന് കൂടുതൽ ക്ഷീണമുണ്ടാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ഓപ്പറേഷൻ സിന്ദൂർ മോദിയുടെ വിജയമായി ബി.ജെ.പി. പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ പാർട്ടികൾ ചില ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സിംല കരാർ ലംഘിക്കപ്പെട്ടോ, വെടിനിർത്തലിനെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ആദ്യ പ്രഖ്യാപനം നടത്തിയത് എങ്ങനെ, പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു.
അതിനിടെ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളിൽ വിശദീകരിക്കാനുള്ള സർവ്വകക്ഷി സംഘങ്ങളിലൊന്നിനെ നയിക്കാൻ കേന്ദ്ര സർക്കാർ ശശി തരൂരിനെ ക്ഷണിച്ചു. കോൺഗ്രസ് നൽകിയ പട്ടികയിൽ തരൂരിന്റെ പേരില്ലാതിരുന്നിട്ടും കേന്ദ്രം അദ്ദേഹത്തെ ക്ഷണിച്ചു. ഈ ക്ഷണം തനിക്ക് ലഭിച്ച അംഗീകാരമാണെന്ന് തരൂർ പ്രതികരിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസ് കേന്ദ്രം സ്വന്തം നിലയ്ക്ക് ക്ഷണിച്ച യൂസഫ് പഠാനെ സർവ്വകക്ഷി സംഘത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് നിലപാടെടുത്തു.
ഒരു കാലത്ത് കോൺഗ്രസിനുള്ളിൽ പോലും ഡോ. ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന വാദത്തിന് സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനത്തേക്ക് നിരവധി ആളുകൾ രംഗത്തുണ്ട്. സംഘടനാ തലത്തിൽ പ്രവർത്തക സമിതി അംഗം എന്നതിനപ്പുറം ഇനി ഒരു സ്ഥാനത്തേക്ക് വരാൻ തരൂരിന് സാധ്യതയില്ല. അതിനാൽ, നിഷ്പക്ഷ രാഷ്ട്രീയം പിന്തുടരുന്ന ശശി തരൂരിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യം ബാക്കിയാണ്. രാഷ്ട്രീയത്തിന് അതീതമായ ഒരു പദവി കേന്ദ്രത്തിൽ നിന്ന് തരൂർ പ്രതീക്ഷിക്കുന്നുണ്ടെന്നുള്ളതാണ് പ്രധാന നിഗമനം.
Story Highlights : Shashi Tharoor’s diplomatic journey