പാറശാല ഷാരോൺ രാജ് വധക്കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ. എം. ബഷീർ ആണ് കേസിൽ വിധി പറയുക. പ്രതിയായ ഗ്രീഷ്മയ്ക്ക് ചെകുത്താൻ ചിന്തയെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
ഷാരോണിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോൾ, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്ന ഗ്രീഷ്മയ്ക്ക് അതിനും കഴിയാതെ വന്നതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. പ്രേമം നടിച്ച് വിശ്വാസം ആർജ്ജിച്ച ശേഷം കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത് ക്രൂരകൃത്യമാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ വാദിച്ചു. ഇംഗ്ലീഷിലും സാങ്കേതികവിദ്യയിലുമുള്ള അറിവ് ഗ്രീഷ്മ ദുരുപയോഗം ചെയ്തത് വിഷത്തിന്റെ പ്രവർത്തനരീതി മനസ്സിലാക്കാനായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ചുണ്ട് ഉൾപ്പെടെ വിണ്ടുകീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാർന്ന് 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോൺ മരിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ നൽകുന്നത് നീതികരിക്കാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലൻ കുമാർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.
തുടർപഠനത്തിന് ആഗ്രഹമുണ്ടെന്നും പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും തുടർപഠനത്തിന് ആഗ്രഹമുണ്ടെന്നും ചില രേഖകൾ ഹാജരാക്കിയാണ് ഗ്രീഷ്മ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളുടെ ഏക മകളാണെന്നും മനസാന്തരപ്പെടാൻ അവസരം നൽകണമെന്നും ഗ്രീഷ്മ കോടതിയോട് അഭ്യർത്ഥിച്ചു. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ എങ്ങനെ നൽകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
Story Highlights: Greeshma, the accused in the Sharon Raj murder case, will be sentenced today.