ആലപ്പുഴ ജില്ലാ സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്നും, തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം വകുപ്പുകളുടെ പരാജയമാണെന്നും വിമർശനം ഉയർന്നു. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമർശനമുണ്ടായില്ല. ധന-ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എംഎൽഎമാർ രംഗത്തെത്തി. മലബാറിൽ വോട്ട് കുറഞ്ഞതിന് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച് സലാം എംഎൽഎ ചോദിച്ചു. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ശോഭാസുരേന്ദ്രൻ വിജയിക്കുമായിരുന്നുവെന്നും, എഎം ആരിഫ് ദുർബല സ്ഥാനാർത്ഥിയാണെന്നും അഭിപ്രായം ഉയർന്നു. തോമസ് ഐസക് മത്സരിക്കണമായിരുന്നുവെന്നും, ജി സുധാകരനെ പോലുള്ളവരെ അനുനയിപ്പിക്കണമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഈഴവ വോട്ടുകൾ മാത്രമല്ല, മത്സ്യ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, കയർ തൊഴിലാളികൾ എന്നിവരടക്കമുള്ള അടിസ്ഥാന വർഗം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൽ നിന്ന് അകന്നുവെന്ന് വിലയിരുത്തി. ഇ പി ജയരാജന്റെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.