വൈദ്യുതി വാങ്ങൽ കരാറിൽ കെ.എസ്.ഇ.ബിക്കും സംസ്ഥാനത്തിനും കനത്ത തിരിച്ചടി നേരിട്ടു. കുറഞ്ഞ ചെലവിലുള്ള ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ച റെഗുലേറ്ററി കമ്മിഷന്റെ നടപടി അപ്പലേറ്റ് ട്രിബ്യൂണൽ റദ്ദാക്കി. 465 മെഗാവാട്ടിന്റെ കരാറുകളാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടത്. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണ് കരാർ പുനഃസ്ഥാപിക്കാനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണൽ ഈ നടപടി സ്വീകരിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പ്രതിസന്ധി മറികടക്കാൻ 465 മെഗാവാട്ട് വൈദ്യുതി 4.29 പൈസ നിരക്കിൽ 25 വർഷത്തേക്ക് വാങ്ങാൻ കരാറുണ്ടാക്കിയത്. എന്നാൽ മുൻകൂർ അനുമതി വാങ്ങാതെയാണ് കരാറുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കി. ഇതോടെ കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങി. തുടർന്ന് സർക്കാർ ഇടപെട്ട് വൈദ്യുതി നിയമം സെക്ഷൻ 108 അനുസരിച്ച് കരാർ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകി.
എന്നാൽ ഇതിനിടെ രാജ്യത്തെ വൈദ്യുതി മേഖലയിലെ സാഹചര്യം മാറി, ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി 12 രൂപ പൊതുവിപണിയിൽ വിലയായി. ഇതോടെയാണ് കരാറിൽ ഏർപ്പെട്ട കമ്പനികൾ കമ്മിഷൻ തീരുമാനത്തിനെതിരായി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. കരാർ റദ്ദാക്കിയതിലൂടെയുണ്ടാകുന്ന നഷ്ടം കാരണക്കാരിൽ നിന്നും ഈടാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ആവശ്യപ്പെട്ടു.