ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈകോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടു. കാർഷിക സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുടെ സെർച്ച് കമ്മിറ്റികൾ ഹൈകോടതി തടഞ്ഞു. ഇതോടെ ഗവർണർ സ്വന്തം നിലയ്ക്ക് രൂപീകരിച്ച ആറു സെർച്ച് കമ്മിറ്റികളും ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു മാസത്തേക്കാണ് സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരള, എം ജി, മലയാളം, കുഫോസ് സർവകലാശാലകളിൽ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുടെ സെർച്ച് കമ്മിറ്റികളിലും തിരിച്ചടി നേരിട്ടത്. സർവകലാശാലകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ തീരുമാനം ആകുന്നത് വരെ തുടർനടപടി ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയെ അറിയിച്ചിട്ടുണ്ട്.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യു.ജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സർക്കാരാണ് കോടതിയെ സമീപിച്ചത്. ഈ നടപടി സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്ന് സർക്കാർ വാദിച്ചു. ഇതോടെ, ഗവർണറുടെ നടപടികൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.