ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) റീച്ചാർജ് പ്ലാനുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ടെലികോം കമ്പനികളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ ട്രായ് കമ്പനികൾക്ക് അയച്ചിട്ടുണ്ട്. നിലവിലുള്ള കോംബോ പ്ലാനുകൾക്ക് പുറമേ വോയ്സ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവയ്ക്ക് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാനാണ് ട്രായ് ആലോചിക്കുന്നത്.
നിലവിൽ ടെലികോം കമ്പനികൾ വോയ്സ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ കോംബോ ആയി ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ഈ റീച്ചാർജുകൾ ചെയ്യുന്നവരിൽ പലരും പ്ലാനിൽ ഉൾപ്പെട്ടിട്ടും എസ്എംഎസോ ഡാറ്റയോ ഉപയോഗിക്കാതെ പോകുന്നു. ഇതിന് പരിഹാരമായിട്ടാണ് പ്രത്യേകം പ്ലാനുകൾ അവതരിപ്പിക്കാൻ ആലോചിക്കുന്നത്.
സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും പരമാവധി കാലാവധി 90 ദിവസത്തേക്ക് നീട്ടണോ എന്നതും ട്രായ് പരിഗണിക്കുന്നുണ്ട്. കൺസൾട്ടേഷൻ പേപ്പറിൽ ഓഗസ്റ്റ് 16-നകം അഭിപ്രായങ്ങളും ഓഗസ്റ്റ് 23-നകം എതിർ അഭിപ്രായങ്ങളും നൽകാൻ ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.