മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാരത്തിന്റെ വക്താവായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു. മലപ്പുറത്തെ അപകീർത്തിപ്പെടുത്തി ഡൽഹിയിൽ നടത്തിയ പ്രതികരണം സംഘപരിവാരത്തിന്റെ വംശീയ താൽപ്പര്യങ്ങൾക്ക് ശക്തി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നു എന്നത് അവർ തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകക്ഷി എംഎൽഎ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും, വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും അഷ്റഫ് മൗലവി ആരോപിച്ചു. ഇടതു ഭരണത്തിൽ സംഘപരിവാര അജണ്ടകൾ കൃത്യമായി നടപ്പാക്കുന്ന ഏജൻസിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സിപിഎമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണെന്ന് അഷ്റഫ് മൗലവി പറഞ്ഞു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉൾപ്പെടെയുള്ളവർ പല തവണ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ്സുമായി ഐക്യപ്പെട്ട് തുടർഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നതെന്നും പിണറായി വിജയനെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Highlights: SDPI accuses Kerala CM Pinarayi Vijayan of aligning with Sangh Parivar agenda