തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുത ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ട്വന്റി ഫോർ ന്യൂസിന് ലഭിച്ച ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം. VCB (വാക്വം സർക്യൂട്ട് ബ്രേക്കർ) യിലെ തകരാറുമൂലമാണ് ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയതെന്നാണ് കണ്ടെത്തൽ. കെഎസ്ഇബി റിപ്പോർട്ട് പ്രകാരം, താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതും ഉപകരണങ്ങൾ കേടുവരാൻ കാരണമായി.
വൈദ്യുതി തടസ്സപ്പെട്ടപ്പോൾ തുടക്കത്തിൽ തന്നെ ക്രമീകരണം ഒരുക്കാത്തതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങുമെന്ന് അറിഞ്ഞിട്ടും കൃത്യമായി ബദൽ ക്രമീകരണം ഒരുക്കിയില്ല. പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേൽ പകരം ജനറേറ്റർ എത്തിക്കാൻ തുടക്കത്തിൽ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിക്കാതിരുന്നതും അത് പ്രവർത്തിക്കാതായപ്പോൾ അടിയന്തര നടപടി എടുക്കാതിരുന്നതും വീഴ്ചയായി.
ഇന്നലെ വൈകീട്ടായിരുന്നു എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസപ്പെട്ടത്. മൂന്ന് മണിക്കൂറോളം രോഗികൾക്കുൾപ്പടെ ഇരുട്ടിൽ കഴിയേണ്ടി വന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ഇന്ന് രാവിലെയാണ് എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചത്. നിലവിൽ കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു.
Story Highlights: Electrical equipment at SAT Hospital in Thiruvananthapuram found corroded, causing power disruption