കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പ്രശംസിച്ച് ശശി തരൂർ എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളിൽ നിന്നുൾപ്പെടെ വലിയ എതിർപ്പാണ് തരൂരിന്റെ ലേഖനത്തിനു നേരിടേണ്ടി വന്നത്. യുഡിഎഫ് സർക്കാരാണ് വ്യവസായ രംഗത്ത് മാറ്റം കൊണ്ടുവന്നതെന്നും എൽഡിഎഫിന് അവരുടെ നയം തെറ്റായിരുന്നുവെന്നും ഇപ്പോൾ പറയുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തിരുത്തൽ നല്ലതാണെന്നും, സ്ഥായി ആയിരിക്കണമെന്നും മാത്രമാണ് താൻ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ ഉറച്ചുനിൽക്കുകയാണ് ശശി തരൂർ. പറഞ്ഞത് തിരുത്തിയില്ലെങ്കിലും അല്പം മയപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തി. തന്റെ ലേഖനം ഇംഗ്ലീഷ് വായിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല എന്നായിരുന്നു തരൂരിന്റെ പരിഹാസം. മാധ്യമങ്ങൾക്ക് മുൻപിൽ പോരിനുറച്ചുതന്നെ എന്നും തരൂർ പ്രഖ്യാപിച്ചു.
പ്രവർത്തകസമിതി അംഗത്വം രാജിവച്ച ശേഷം വ്യക്തിപരമായ അഭിപ്രായം പറയണമെന്ന് എം.എം ഹസൻ പ്രതികരിച്ചു. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂർ ഓരോന്ന് എഴുതുന്നതും പറയുന്നതും എന്നും ഹസൻ കുറ്റപ്പെടുത്തി. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണെന്നും മണ്ഡലത്തിൽ അന്വേഷിച്ചാൽ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്നും എം.എം. ഹസൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റക്കാരെ കയ്യാമം വെച്ചു കൊണ്ടുവന്നപ്പോൾ ഒരക്ഷരം മിണ്ടിയോ തരൂർ എന്നും ഹസൻ ചോദിച്ചു. അടച്ചിട്ട മുറിയിൽ ട്രംപിനോട് മോദി പറഞ്ഞത് തരൂർ എങ്ങനെ അറിഞ്ഞു? തരൂരിന് എന്താ ദിവ്യ ശക്തിയുണ്ടോ എന്നും ഹസൻ ചോദിച്ചു. മോദിയെ പുകഴ്ത്തിയതിലും എംഎം ഹസൻ തരൂരിനെ വിമർശിച്ചു.
കേരളത്തിൽ വേണ്ടത്ര പരിഗണന കിട്ടാത്തതാണ് തരൂരിന്റെ എതിർപ്പിന് കാരണമെന്നാണ് സൂചന. ഹൈക്കമാൻഡ് ഉൾപ്പെടെ ശശി തരൂരിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരും കോൺഗ്രസിൽ ഉണ്ട്. അതേസമയം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇനിയും എഴുതാൻ ഉണ്ടെന്നുമാണ് ശശി തരൂരിന്റെ നിലപാട്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് ശശി തരൂർ. ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. പ്രവർത്തകസമിതി അംഗത്വം തരൂർ രാജിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കുതിപ്പ് ഉണ്ടാക്കിയത് അതാത് സമയത്തെ യുഡിഎഫ് സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കി. യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ ആ നിലപാട് അല്ല സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരിക്കലും സഹകരിക്കാത്ത പ്രതിപക്ഷം ആയിരുന്നു ഞങ്ങൾ ഭരിക്കുമ്പോൾ. വികസനത്തിൽ സഹകരിച്ചവരാണ് യു.ഡി.എഫ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെങ്കിൽ കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവർക്കാണ് ചേരുക – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശശി തരൂരിന്റെ നിലപാടിൽ മുസ്ലിം ലീഗിനും എതിർപ്പുണ്ട്. രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്നും, പറയേണ്ട സ്ഥലത്ത് പറയാൻ കെൽപ്പുള്ള പാർട്ടിയാണ് ലീഗെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Story Highlights: Shashi Tharoor’s article praising Kerala’s industrial climate sparks controversy among Congress leaders.