ആലപ്പുഴയിലെ മാഗസിൻ പ്രകാശന പരിപാടിയിൽ സഞ്ജു ടെക്കി പങ്കെടുക്കില്ലെന്ന് അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് കോടതി നടപടി നേരിടുന്നതിനെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്റെ സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനത്തിനാണ് സഞ്ജുവിനെ മുഖ്യ അതിഥിയാക്കിയിരുന്നത്. വിവാദങ്ങൾ ഒഴിവാക്കാനാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് സഞ്ജു സംഘാടകരെ അറിയിച്ചത്.
ആലപ്പുഴ കലവൂർ സ്വദേശിയായ ടി.എസ്.സഞ്ജു എന്ന സഞ്ജു ടെക്കി, ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ചതടക്കം ഗതാഗത നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ അനുഭവിച്ച ആളാണ്. ഹൈക്കോടതി ഉൾപ്പെടെ ഇടപെട്ട ഈ വിഷയത്തിൽ വിചാരണ നടപടികൾ കീഴ്കോടതിയിൽ തുടരുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെന്ന നിലയിൽ സഞ്ജുവിനെ പരിപാടിയുടെ മുഖ്യാതിഥിയാക്കിയത് വാർത്തയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ആർ.റിയാസാണ് പരിപാടിയുടെ സംഘാടകൻ. അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുമായിരുന്നു. മണ്ണഞ്ചേരി സർക്കാർ ഹൈസ്കൂളിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. നാട്ടുകാരൻ എന്ന നിലയിലാണ് സഞ്ജു ടെക്കിയെ മാഗസിൻ പ്രകാശനത്തിലേക്ക് ക്ഷണിച്ചതെന്നും, മോട്ടോർവാഹന നിയമലംഘനത്തിന് കേസുണ്ടെങ്കിലും യുവാവിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും സംഘാടകർ വിശദീകരിച്ചു.