ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന് വ്യക്തമായി. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കുമെന്നും അറിയുന്നു. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഉന്നതനായ ഒരു സിപിഐഎം നേതാവ് ചെത്തല്ലൂരില് വച്ച് സന്ദീപ് വാര്യരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനിടെ, സന്ദീപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടി നേതാക്കൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയുന്നു. ബിജെപിയില് താന് അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന് പറ്റില്ലെന്നുമായിരുന്നു നേരത്തെ സന്ദീപിന്റെ നിലപാട്.
പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കണ്വന്ഷനില് സന്ദീപ് വാര്യര്ക്ക് സീറ്റ് നല്കിയിരുന്നില്ല. കണ്വന്ഷനില് വേണ്ട പ്രാധാന്യം കിട്ടിയില്ലെന്നും അപ്രധാനമായ ചില നേതാക്കള്ക്ക് വേദിയില് സീറ്റ് നല്കിയെന്നും ആരോപിച്ച് സന്ദീപ് വാര്യര് ആ പരിപാടിയില് നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ഡലം കണ്വെന്ഷനില് വച്ച് പ്രവര്ത്തകരുടെ ഉള്പ്പെടെ മുന്നില് വച്ച് തന്നെ ഒരു ബിജെപി നേതാവ് ഇറക്കിവിട്ടെന്ന് സന്ദീപ് വാര്യരുടെ പരാതി ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന നിലപാടിലാണ്.
Story Highlights: BJP leader Sandeep Varier decides not to leave party after talks with leadership