വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിലെത്തി. രാവിലെ ഏഴരയോടെ കപ്പൽ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തുകയും 9.15 ന് ബർത്തിൽ അടുപ്പിക്കുകയും ചെയ്യും. നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിടുന്ന നിമിഷമാണിത്.
1940കളിൽ തിരുവിതാംകൂർ ദിവാൻ രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി പല ഘട്ടങ്ങളിലൂടെ കടന്നുപോയി. 1996ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും ഉയർന്നുവന്ന ആശയം, 2000ത്തിൽ പഠനം ആരംഭിച്ചു. 2013ൽ കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതി പുതിയ വേഗത കൈവരിച്ചു.
2015ൽ അദാനിക്ക് കരാർ നൽകിയതോടെ നിർമാണം ആരംഭിച്ചു. എന്നാൽ ഓഖി ചുഴലിക്കാറ്റും കോവിഡ് മഹാമാരിയും പ്രതിഷേധങ്ങളും പദ്ധതിയെ വെല്ലുവിളിച്ചു. ഇപ്പോൾ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരമണയുകയാണ്. ഇനിയും കുറച്ച് കടമ്പകൾ കടക്കാനുണ്ടെങ്കിലും, ഈ ചരിത്ര നിമിഷം കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു.