ലോകത്തിലെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മെർസ്കിന്റെ സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി. ഇത് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പലാണ്. 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ മദർഷിപ്പിന് നങ്കൂരമിടാൻ 10 മീറ്റർ ആഴം ആവശ്യമാണ്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള സാൻ ഫെർണാണ്ടോ 2000 കണ്ടെയ്നറുകളുമായാണ് വിഴിഞ്ഞത്തെത്തിയത്.
ജൂലൈ ഒന്നിന് ചൈനയിലെ ഷിയാമെന്നിൽ നിന്ന് ചരക്കുകൾ കയറ്റിയാണ് സാൻ ഫെർണാണ്ടോയുടെ വരവ്. കഴിഞ്ഞ മാസം 22-ന് ഹോങ്കോങ് വിട്ട കപ്പൽ ഷാങ്ഹായ്, സിയാമെൻ തുറമുഖങ്ങൾ കടന്നാണ് എത്തിയത്. തുറമുഖത്തിന്റെ 800 മീറ്റർ ബെർത്തിന്റെ മധ്യഭാഗത്ത് നങ്കൂരമിട്ട് 1960 കണ്ടെയ്നറുകൾ ഇറക്കിയ ശേഷം അന്നേ ദിവസം കൊളംബോയിലേക്ക് മടങ്ങും.
നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. 2014-ൽ ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി നിർമ്മിച്ച സാൻ ഫെർണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയാണ്. തുടർന്ന് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, എ പി എം ടെർമിനലുകൾ, ഹപാഗ്-ലോയ്ഡ് തുടങ്ങിയ ലോക ഭീമന്മാരുടെ കപ്പലുകളും വിഴിഞ്ഞത്തേക്ക് എത്തും.