മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നു. നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ വധിക്കുക എന്നതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മറിച്ച്, ബോളിവുഡിൽ ഭയം വിതയ്ക്കുകയായിരുന്നു ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ യഥാർത്ഥ ലക്ഷ്യം.
ബോളിവുഡിൽ മുൻപ് ഭയം വിതച്ചിരുന്ന ഡി കമ്പനി പോലുള്ള മാഫിയ സംഘങ്ങൾ ഇപ്പോൾ നിലവിലില്ല. ഈ ഒഴിവ് മുതലെടുക്കാനാണ് ബിഷ്ണോയ് ഗ്യാങ് ശ്രമിച്ചതെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് കണ്ടെത്തി. സൽമാൻ ഖാനെ ലക്ഷ്യമിടാൻ ഒരു കാരണം ആവശ്യമായിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയതിലെ വൈരാഗ്യം എന്നത് വെറും മറ മാത്രമായിരുന്നു.
സൽമാനെതിരെയുള്ള വെടിവയ്പിലൂടെ ബോളിവുഡിൽ ഭയം സൃഷ്ടിക്കാമെന്നും കൂടുതൽ പേരെ ഭീഷണിപ്പെടുത്തി പണം തട്ടാമെന്നുമായിരുന്നു ബിഷ്ണോയ് ഗ്യാങിന്റെ കണക്കുകൂട്ടൽ. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് ഉൾപ്പെടെ 9 പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികളിൽ ഒരാളായ അനൂജ് ഥാപ്പൻ പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചിരുന്നു. നേരത്തെ പൻവേലിലെ ഫാം ഹൗസിൽ വച്ച് സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നവിമുംബൈ പൊലീസും കുറ്റപത്രം സമർപ്പിച്ചിരുന്നു.