മുംബൈയിലെ ഗതാഗത വകുപ്പിന് ലഭിച്ച വധഭീഷണി സന്ദേശത്തെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. സൽമാന്റെ വീട്ടിൽ കയറി കാർ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു വാട്സ്ആപ്പ് വഴി ലഭിച്ച ഭീഷണി സന്ദേശത്തിലെ ഭീഷണി. ലോറൻസ് ബിഷ്ണോയി സംഘമാണോ ഭീഷണിക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
വർളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രിമിനൽ ഭീഷണിപ്പെടുത്തൽ (IPC സെക്ഷൻ 351 (2) (3) ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നതുമായി ബന്ധപ്പെട്ട് സൽമാൻ ഖാന് നേരത്തെയും വധഭീഷണികൾ ലഭിച്ചിട്ടുണ്ട്.
കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയി നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഷ്ണോയി സംഘത്തിലെ അംഗങ്ങൾ സൽമാന്റെ ബാന്ദ്രയിലെ വീടിന് നേരെ വെടിയുതിർത്തിരുന്നു. ഈ സംഭവത്തിന് ശേഷം സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനൽ സ്ഥാപിച്ചിരുന്നു.
ബാബ സിദ്ദിഖിനെ ലോറൻസ് ബിഷ്ണോയി സംഘം വെടിവെച്ച് കൊന്നതിന് ശേഷമാണ് സൽമാന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. വീടിന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷയും ശക്തമാക്കിയിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്നാണ് കൃഷ്ണമൃഗ വേട്ടക്കേസുമായി ബന്ധപ്പെട്ട് ഭീഷണികൾ ലഭിച്ചിരുന്നത്.
Story Highlights: Bollywood star Salman Khan receives death threats again, with a message sent to Mumbai’s transport department threatening a car bomb attack on his home.