◾ കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജി വെച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളിയതുമായി ബന്ധപെട്ടുണ്ടായ വിവാദങ്ങൾക്കിടയിലാണ് സജി നന്ത്യാട്ടിന്റെ രാജി എന്നത് ശ്രദ്ധേയമാണ്.
നിർമ്മാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടർന്ന് സാന്ദ്ര കോടതിയെ സമീപിച്ചിരുന്നു. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചത്. ഈ രണ്ട് പത്രികകളുമാണ് തള്ളിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മൂന്ന് സിനിമകൾ നിർമ്മിക്കണം എന്ന മാനദണ്ഡം നിലവിലുണ്ട്. എന്നാൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി രണ്ട് സിനിമകളേ നിർമ്മിച്ചിട്ടുള്ളൂ എന്ന് അധികൃതർ കണ്ടെത്തി. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ഈ ചിത്രങ്ങൾ.
മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നെന്നും ആ ബാനറിൽ എടുത്ത സിനിമകൾ തന്റെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു. വിജയ് ബാബുവുമായി ചേർന്ന് സിനിമകൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിനെക്കുറിച്ചാണ് സാന്ദ്ര സൂചിപ്പിച്ചത്. എന്നാൽ ഈ വാദങ്ങളെല്ലാം അധികൃതർ തള്ളിക്കളഞ്ഞു.
വരണാധികാരിയുടെ കണ്ടെത്തൽ അനുസരിച്ച്, സാന്ദ്ര തോമസിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് രണ്ട് ചിത്രങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ഈ കണ്ടെത്തലിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.
ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കുന്നത്. അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ അറിയിക്കാം.
Story Highlights : Saji Nandiyattu resigns from the post of Film Chamber General Secretary