പത്തുമാസം മാത്രം പഴക്കമുള്ള ഡെമോക്രാറ്റിക് കേരളാ കോൺഗ്രസ് എന്ന സ്വന്തം പാർട്ടി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പിൽ തൃണമൂലിൽ അഭയം തേടിയത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. എൻഡിഎയുടെ ഭാഗമായി പ്രവർത്തിച്ചിട്ടും ഒരു യോഗത്തിനുപോലും വിളിക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിക്കുന്നു. യുഡിഎഫ് നേതാക്കളുടെ ആവശ്യവും പി.വി. അൻവറുമായുള്ള ചർച്ചകളുമാണ് തൃണമൂലിലേക്കുള്ള പ്രവേശനത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പൂർണമായും തൃണമൂലിൽ ലയിക്കുമെന്നും ഉടൻ ലയന സമ്മേളനം നടക്കുമെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. റബർ കർഷകരുടെ വിഷയത്തിൽ ബിജെപി നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാത്തതും വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സഹകരിക്കാത്തതുമാണ് തൃണമൂലിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റിയുള്ള ഡെമോക്രാറ്റിക് കേരളാ കോൺഗ്രസിന് രാഷ്ട്രീയമായി കൂടുതൽ വളർച്ച കൈവരിക്കാൻ കഴിയാതെ വന്നതും തൃണമൂലിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമായി.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സജി മഞ്ഞക്കടമ്പിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിനെ പരിഗണിച്ചതോടെ പാർട്ടിക്കെതിരെ പരസ്യപ്രതികരണവുമായി സജി രംഗത്തെത്തി. മോൻസ് ജോസഫുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ പാർട്ടി വിട്ട് എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
കേരള കോൺഗ്രസ് എമ്മിലായിരുന്ന സജി മഞ്ഞക്കടമ്പിൽ ജോസ് കെ. മാണിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജിവെച്ച് ജോസഫ് ഗ്രൂപ്പിലെത്തി. എന്നാൽ, കോട്ടയം സീറ്റ് നഷ്ടമായതോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും അദ്ദേഹം വിടവാങ്ങി. യുഡിഎഫ് ജില്ലാ ചെയർമാനായിരുന്ന സജി പാർട്ടി വിട്ടത് യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു.
ക്രിസ്ത്യൻ മേഖലയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സജിക്ക് കഴിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, ഡെമോക്രാറ്റിക് കേരളാ കോൺഗ്രസിന് പ്രതീക്ഷിച്ച രീതിയിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബിജെപി പിന്മാറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സജിയെയോ പാർട്ടിയെയോ ബിജെപി നേതാക്കൾ ബന്ധപ്പെട്ടിരുന്നില്ല.
യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും കോട്ടയത്ത് തന്റെ അഭാവം യുഡിഎഫിന് ബോധ്യപ്പെട്ടുവെന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. എൻഡിഎയിൽ ഘടകകക്ഷിയെന്ന പരിഗണന ലഭിക്കാതെ വന്നതും പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.
Story Highlights: Saji Manjakadambil joins Trinamool Congress after expressing disappointment with the NDA.