സെയ്ഫ് അലി ഖാന് നേരെയുണ്ടായ കുത്തേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുത്തേറ്റ സംഭവത്തിൽ 20 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചതായും തടയാൻ ശ്രമിക്കുന്നതിനിടെയാണ് താനും ആക്രമിക്കപ്പെട്ടതെന്നും സെയ്ഫ് അലി ഖാന്റെ മക്കളുടെ കാര്യങ്ങൾ നോക്കുന്ന മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ് പോലീസിന് മൊഴി നൽകി.
മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നും ഏലിയമ്മ പറഞ്ഞു. ഇന്നലെ നടന്ന ശസ്ത്രക്രിയയിൽ നടന്റെ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കമുള്ള ചികിത്സകൾ പൂർത്തിയായിട്ടുണ്ട്. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും ഏലിയമ്മ പറഞ്ഞു.
പ്രതി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം എന്നാണ് മറുപടി നൽകിയതെന്നും ഒരു കോടി രൂപ ആവശ്യപ്പെട്ടതായും ഏലിയമ്മ പോലീസിന് മൊഴി നൽകി. ആദ്യം പ്രതിയെ കണ്ടതും നേരിട്ടതും ഏലിയമ്മയാണ്.
Story Highlights: Saif Ali Khan, who was stabbed, is recovering well, and the police have intensified their investigation by forming 20 teams.