മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്തുവന്നിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം പ്രതി വസ്ത്രം മാറി ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പോലീസ് പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നു. നീല ഷർട്ട് ധരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അണുബാധയുടെ സാധ്യത ഒഴിവാക്കാൻ സെയ്ഫ് അലിഖാനെ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് ഇരുപത് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്തതിനുശേഷം ഇയാളല്ല പ്രതി എന്ന് മനസ്സിലാക്കി വിട്ടയച്ചു. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: A new image of the suspect who attacked Saif Ali Khan has been released, showing him changing clothes and arriving at Bandra railway station.