സായിഗ്രാമം ഡയറക്ടർ കെ.എൻ. ആനന്ദകുമാറിനെ പാതിവില തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ഈ മാസം 26 വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദകുമാറിനെ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്.
ആനന്ദകുമാറിന്റെ ചികിത്സാ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജയിൽ സൂപ്രണ്ടിന് മജിസ്ട്രേറ്റ് അനുമതി നൽകി. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത് ആശുപത്രിയിൽ വച്ചായിരുന്നു. 26ന് ആനന്ദകുമാറിനെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. പാതിവില തട്ടിപ്പിനെക്കുറിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നുവെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി. പണം ട്രസ്റ്റിനാണ് ലഭിച്ചതെന്ന ആനന്ദകുമാറിന്റെ വാദം കോടതി തള്ളി.
തട്ടിപ്പുമായി വ്യക്തിപരമായി ബന്ധമില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആനന്ദകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂവാറ്റുപുഴ ജയിലിലെത്തിച്ച് ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചശേഷമാകും പ്രത്യേക അന്വേഷണ സംഘം ആനന്ദകുമാറിനെ കസ്റ്റഡിയിൽ വാങ്ങുക.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യപ്രതി അനന്തുകൃഷ്ണനെ കൂടാതെ ആനന്ദകുമാറിനെയും ചോദ്യം ചെയ്യുന്നത് തട്ടിപ്പിന്റെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
Story Highlights: Sai Gramam director K. N. Anandakumar remanded in half-price fraud case.