കാലാവസ്ഥ പ്രതികൂലമായാലും തിരച്ചിൽ തുടരുമെന്ന് ദൗത്യസംഘം ഉറപ്പിച്ചതായി സച്ചിൻ ദേവ് എംഎൽഎ അറിയിച്ചു. ഇതിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കാറ്റ് ശക്തമായാൽ ഡ്രോൺ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൃത്യമായ ലൊക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും സച്ചിൻ ദേവ് പറഞ്ഞു.
സർക്കാരും ജില്ലാ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് സച്ചിൻ ദേവ് എംഎൽഎ വ്യക്തമാക്കി. ഒഴുക്കിന്റെ പ്രശ്നം സംബന്ധിച്ച് ഇന്ദ്രപാലുമായി ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യങ്ങൾ നടപ്പിലാക്കിയാൽ നല്ല വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രക്കിന്റെ സ്ഥാനവും അവസ്ഥയും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ ഈ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിലൂടെ പുഴയ്ക്കടിയിലെ സിഗ്നലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് നോയിഡയിൽ നിന്ന് ഐബോഡ് എത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.