പതിനെട്ടാം പടിയിൽ പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് വിവാദമായിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിലെ മുപ്പതോളം പൊലീസുകാർ പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തതാണ് വിവാദത്തിന് കാരണമായത്. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും ആചാരലംഘനമാണെന്ന ആരോപണവുമായി രംഗത്തെത്തി.
ദേവസ്വം ബോർഡ് ഈ സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. എഡിജിപി എസ് ശ്രീജിത്തിനോട് അതൃപ്തി അറിയിച്ച ദേവസ്വം ബോർഡ്, ഉദ്യോഗസ്ഥരുടെ നടപടി അനുചിതമാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും വ്യക്തമാക്കി. നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിഷയം ചർച്ച ചെയ്യുമെന്നും അറിയിച്ചു.
സംഭവത്തിൽ എഡിജിപി ശ്രീജിത്ത് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു ഐപിഎസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും അറിയിച്ചു. അതേസമയം, ശബരിമല സന്നിധാനത്തും സോപാനത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വിഡിയോ ചിത്രീകരണത്തിൽ ഹൈക്കോടതി ഇടപെട്ട് എക്സിക്യൂട്ടീവ് ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Story Highlights: Devaswom board expresses dissatisfaction over police photoshoot at Sabarimala’s 18 holy steps